അക്ഷരത്താൽ മനസ്സിൽ വെളിച്ചം പടർത്തിയ അച്ഛനായിരുന്നു എന്റെ ആദ്യ ഗുരു.

നഴ്സറിയിലൊന്നും പോകാതെ നേരിട്ട് ഒന്നാം ക്ലാസ്സിൽ ചെന്ന ആളാണ് ഞാൻ. സഹപാഠികൾക്കെല്ലാം മലയാളം അക്ഷരമാല അറിയാം.

അല്ലെങ്കിൽത്തന്നെ ഹോം സിക്ക് ആയ ഞാൻ അക്ഷരങ്ങളെയും ചിത്രങ്ങളായി കണ്ട് ഖിന്നയായി ഇരുപ്പായി.

++
എന്റെ ഈ മൗഢ്യം അദ്ധ്യാപകന് വേറെ എന്തോ പോലെ തോന്നിയിരിക്കണം, അദ്ദേഹം ഒരു ദിവസം അച്ഛനെ വിളിപ്പിച്ച് പറഞ്ഞു, "സർ അങ്ങയുടെ മകൾ ഒരു മന്ദബുദ്ധിയാണ്. ഒന്നും അറിയില്ല. എല്ലാ കുട്ടികളും എഴുതുമ്പോൾ ഈ കുട്ടി മാത്രം വെറുതെ നോക്കിയിരിപ്പാണ്. ഇങ്ങനെയുള്ളവരെ ഇവിടെ പഠിപ്പിക്കാൻ ബുദ്ധിമുട്ടാണ്"
വേദം പഠിച്ച ആളും, വാഗ്മിയും, ഒന്നാന്തരം സാഹിത്യപ്രതിഭയുമായിരുന്ന അച്ഛന് ഇത് ഷോക്കിങ്ങ് ആയിരുന്നിരിക്കണം.

"ബ്രഹ്മസൃഷ്ടിയിൽ യാതൊരു കുറവുമില്ലാത്തവരാണ് എന്റെ മക്കൾ. നിങ്ങൾ പഠിപ്പിക്കും എന്ന് കരുതിയാണ് സ്കൂളിൽ വിട്ടത്....

++
...ഇനി ഞാൻ പഠിപ്പിക്കാം. ഒരാഴ്ച്ച മതിയെനിക്ക്" എന്നാണ് അപമാനത്താൽ ചുവന്ന മുഖത്തോടെ അച്ഛൻ മറുപടി കൊടുത്തത്.

++
അന്ന് വൈകുന്നേരം അധ്യയനത്തിന് അച്ഛൻ വിളിപ്പിച്ചു. അച്ഛന്റെ കോപം എന്നോടാണെന്ന് തെറ്റിദ്ധരിച്ച ഞാൻ അടുത്ത് ചെന്നിരിക്കാൻ വിസമ്മതിച്ചു. പിന്നെ അമ്മയും കൂടെ വന്നിരുന്ന് പ്രോത്സാഹിപ്പിച്ചപ്പോൾ ഞാനിരുന്നു.

അച്ഛൻ തുടങ്ങി. സ്ലേറ്റിൽ അച്ഛൻ അക്ഷരം എഴുതും, ഞാൻ പറഞ്ഞെഴുതി പഠിക്കും.

++
പിന്നീടുള്ള നാലഞ്ച് ദിവസം വൈകുന്നേരങ്ങളിൽ ഒന്നോ രണ്ടോ മണിക്കൂർ ഈ ഡ്രിൽ തുടർന്നു. ശനിയാഴ്ചയോടെ അക്ഷരങ്ങൾ എല്ലാം എഴുതാം, വായിക്കാം.

അന്ന് ഞാൻ ഒരു കാര്യം ചെയ്തു. തലേ ഞായറാഴ്ച്ച അമ്മ വായിച്ചുതന്ന പുസ്തകം ഒന്നെടുത്ത് കൂട്ടി വായന തുടങ്ങി.

++
അച്ഛനും അമ്മയും അതിശയത്തോടെ നോക്കി. അച്ഛൻ പറഞ്ഞു, അക്ഷരാഭ്യാസം നിർത്താം.

ആ മാസം യൂണിറ്റ് ടെസ്റ്റ്. എല്ലാ വിഷയങ്ങളിലും 50/50 മാർക്ക്. പ്രോഗ്രസ്സ് കാർഡ് അമ്മക്ക് കൊടുക്കുമ്പോൾ ഞാൻ വലിയ കരച്ചിലായി.

++
അദ്ധ്യാപകനും അച്ഛനും ഇടയിൽ നടന്ന സംഭാഷണം ഒന്നും അന്ന് അറിഞ്ഞിട്ടില്ലാത്ത ഞാൻ വികാരാധീനയായല്ല കരഞ്ഞത്.

"എല്ലാ കുട്ടികൾക്കും 20 ഉം, 40 ഉം ഒക്കെ റാങ്ക് കിട്ടി, എനിക്ക് മാത്രം 1 ആം റാങ്കെ കിട്ടിയുള്ളൂ" എന്നായിരുന്നു എന്റെ സങ്കടം.

++
ആ വർഷമേ ഞാൻ തലസ്ഥാനത്ത് പഠിച്ചുള്ളൂ. വേറെ സ്ഥലത്തേക്ക് ജീവിതം മാറ്റി നടപ്പെട്ടു. TC വാങ്ങിക്കാൻ ചെന്ന അച്ഛന്റെ കൈ പിടിച്ച് പ്രിൻസിപ്പൽ പറഞ്ഞുവത്രേ "ഈ കുട്ടിയെ ദയവുചെയ്ത് ഇവിടെനിന്ന് കൊണ്ടുപോകരുത്.

10 ആം ക്ലാസ്സിൽ റാങ്ക് നേടാവുന്ന കുട്ടിയാണ്.....

++
....ഈ സ്കൂൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഈ ജില്ലയിൽത്തന്നെ നല്ല സ്കൂളിൽ ഏതെങ്കിലും ചേർക്കൂ. നല്ല കോൺവെന്റുകൾ ഉണ്ടല്ലോ"

(ഒന്നാം ക്ലാസ്സ് തിരുവനന്തപുരത്ത് മോഡൽ സ്കൂളിൽ ആയിരുന്നു). അന്നൊക്കെ ആദ്യ പത്തു റാങ്കുകൾ തിരുവനന്തപുരത്തിന് മാത്രം ആയിരുന്നു.

++
അച്ഛൻ പറഞ്ഞു "റാങ്ക് വേണമെങ്കിൽ അവൾ എവിടെയും വാങ്ങിക്കൊള്ളും, നിങ്ങളുടെ തലസ്ഥാനമല്ലല്ലോ അവളെ പഠിപ്പിച്ചത്".

ഈ കഥകളെല്ലാം പലപ്പോഴും അമ്മയോ അച്ഛനോ പറഞ്ഞ് കേട്ടിട്ടുണ്ട്. കൂടുതലും 'എങ്ങനെയിരുന്ന ഞാൻ ഇങ്ങനെയായി' എന്ന ധ്വനിയോടെ ആയിരിക്കുമെന്ന് മാത്രം.

++
ഈശ്വരദത്തമായ ബുദ്ധിയാണോ, അച്ഛന്റെ വേദനയണോ എന്നറിയില്ല ഇതിനു കാരണം, പുസ്തകത്തിലെ പടങ്ങൾ മാത്രം കണ്ട ഞാൻ ഒരാഴ്ച്ചയിൽ കുറവ് സമയം കൊണ്ട് അതേ പുസ്തകം വായിച്ചുവെന്നത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവം ആണ്.

++
ഞാൻ ആദ്യം വായിച്ച കഥ കൂട്ടുകെട്ടുകൊണ്ട് എങ്ങനെ പ്രതിസന്ധികളെ തരണം ചെയ്യാമെന്ന സാരാംശമാണ്. ഒരു കോഴിക്കുഞ്ഞും, എലിക്കുഞ്ഞും, വണ്ടും, അഹംകാരിയായ തവളയും ആയിരുന്നു കഥാപാത്രങ്ങൾ.

++
ഒരു ചെറിയ അരുവി തവള നീന്തിയും വണ്ട് പറന്നും താണ്ടിയപ്പോൾ കോഴിക്കുഞ്ഞും എലിക്കുഞ്ഞും എന്ത് ചെയ്തുവെന്നതാണ് ഈ കഥയിലെ പ്രതിപാദ്യം.

അച്ഛന്റെ അനുഗ്രഹവും അമ്മയുടെ വാത്സല്യവും ആണ് ആ കുഞ്ഞുകൂട്ടുകാർ ഉണ്ടാക്കിയ കൊച്ച് വഞ്ചി.

++
സന്മാർഗ്ഗത്തതിനാൽ മുമുക്ഷുവായി നേടിയ ഗുരുമാർഗ്ഗമാണ് ശക്തി. അവരാണ് ഈ സംസാര സാഗരം തരണം ചെയ്യാൻ എനിക്ക് അത്താണിയായവർ.

ഈ അദ്ധ്യാപക ദിനം അച്ഛനമ്മമാരുടെ ഓർമ്മയ്ക്കും ഗുരുകാരുണ്യത്തിനായും ഞാൻ സമർപ്പിക്കുന്നു.

കൂടെ, എന്നെ വളരെ സ്നേഹിച്ച എന്റെ എല്ലാ അദ്ധ്യാപകർക്കും വന്ദനം.

🙏
You can follow @BaluSreevidya.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: