"വാതാപി ഗണപതിം ഭജേഹം..." എന്ന കീർത്തനം കേൾക്കാത്തവരായിട്ടോ ഒന്ന് മൂളാത്തവരായിട്ടോ ആരും തന്നെയുണ്ടാവില്ല. മിക്ക സംഗീത സഭകളും ആരംഭിക്കുന്നത് മുത്തുസ്വാമി ദീക്ഷിതരുടെ ഈ കീർത്തനം ആലപിച്ചു കൊണ്ടാണ്. വാതാപി ഗണപതിയുടെ ചരിത്രത്തിലേക്ക്.... ~1
ഏഴാം നൂറ്റാണ്ട്. പല സാമ്രാജ്യങ്ങളുടെ ഉയർച്ചയും വീഴ്ചയും കണ്ടു കൊണ്ട് കടന്നു പോയിരുന്ന കാലം. വിന്ധ്യപർവ്വതത്തിന് വടക്കുള്ള ഭാരതഖണ്ഡം ഏറെക്കുറേ തൻ്റെ വരുതിയിലാക്കിയ ഹർഷവർദ്ധനൻ ദ്രാവിഡദേശങ്ങളും തൻ്റെ അധീനതയിൽ കൊണ്ടുവരാൻ പടയോട്ടത്തിന് കോപ്പു കൂട്ടിയിരുന്ന സമയം. ~2
വൻ സൈന്യവുമായി നർമ്മദാതീരത്തെത്തിയ ഹർഷനെ എതിരേറ്റത് പുലകേശി രണ്ടാമൻ എന്ന ചാലൂക്യ രാജാവ്. യുദ്ധഭൂമിയിൽ തന്ത്രങ്ങൾ പാളിയപ്പോൾ ഹർഷൻ തോൽവി രുചിച്ചു. ഇനിയൊരു സൈനിക നീക്കം തന്റെ ഭാഗത്തു നിന്നുണ്ടാകില്ല എന്നുറപ്പ് കൊടുത്ത് പുലകേശിയുമായി സന്ധി ചെയ്തു. ~3
ജയഭേരി മുഴക്കിക്കൊണ്ട് ചാലൂക്യ സൈന്യം ഓരോരോ നാട്ടുരാജ്യങ്ങളായി പിടിച്ചെടുക്കാൻ തുടങ്ങി. ക്ഷയിച്ചു തുടങ്ങിയ വിഷ്ണുകുന്ദിന സാമ്രാജ്യത്തെ കീഴ്‌പ്പെടുത്തി വേങ്കിയും തൻ്റെ കീഴിൽ കൊണ്ടുവന്ന പുലകേശിയെ എതിർക്കാൻ കെൽപ്പുള്ള ഒരു രാജ്യവും ദക്ഷിണദേശത്തിൽ ബാക്കിയുണ്ടായിരുന്നില്ല - ~4
തമിഴകം ഭരിച്ചിരുന്ന പല്ലവരൊഴികെ. തങ്ങളുമായി നല്ല ബന്ധം പുലർത്തി പോന്ന വിഷ്ണുകുന്ദിനരെ തോൽപ്പിച്ച പുലകേശിക്കെതിരെ പല്ലവ അധിപൻ മഹേന്ദ്രവർമ്മൻ യുദ്ധം പ്രഖ്യാപിച്ചു. തുടർന്ന് തെക്കോട്ട് നീങ്ങിയ ചാലൂക്യ സൈന്യം പല്ലവ രാജധാനിയായ കാഞ്ചീപുരത്തിനടുത്ത് പുള്ളലൂരിൽ വച്ച് മഹേന്ദ്രവർമ്മനെ ~5
തോൽപ്പിച്ച് ചോളമണ്ഡലം വരെ പടയെടുത്തു ചെന്നു. അപമാനിക്കപ്പെട്ട മഹേന്ദ്രവർമ്മന് ചാലൂക്യർക്ക് കപ്പം കൊടുക്കേണ്ട അവസ്ഥയായി. ദക്ഷിണദേശത്തിന്റെ ചക്രവർത്തിയായി പുലകേശിയുടെ രാജ്യാഭിഷേകം നടന്നു. വർഷങ്ങൾ കഴിഞ്ഞു. മഹേന്ദ്രവർമ്മന്റെ മരണശേഷം മകൻ നരസിംഹവർമൻ പല്ലവ രാജാവായി. ~6
അച്ഛനേറ്റ അപമാനത്തിന് പ്രതികാരം ചെയ്യാൻ തീരുമാനിച്ചുറച്ച നരസിംഹവർമ്മൻ പരിയാല, ശൂരമന, മണിമംഗലം എന്നീ സ്ഥലങ്ങളിൽ വച്ചു നടന്ന യുദ്ധങ്ങളിൽ ചാലൂക്യ സൈന്യത്തെ തോൽപ്പിച്ചു. തുടർന്ന് പിൻവാങ്ങിയ ചാലൂക്യരെ തുരത്തിയോടിച്ച പല്ലവർ സൈന്യാധിപനായ പരഞ്ചോതിയുടെ നേതൃത്വത്തിൽ ചാലൂക്യ രാജധാനിയായ ~7
വാതാപി (ഇന്നത്തെ ബാദാമി) ആക്രമിച്ചു. വേങ്കിയിൽ നിന്ന് പുലകേശിയുടെ സഹോദരൻ കുബ്ജ വിഷ്ണുവർദ്ധനന്റെ സൈന്യത്തിന് എത്തിച്ചേരാൻ സാധിച്ചില്ല. യുദ്ധത്തിൽ പുലകേശി കൊല്ലപ്പെട്ടു. സിംഹാസനത്തിൽ പല്ലവമുദ്ര പതിക്കപ്പെട്ടു. തുടർന്നങ്ങോട്ട് പന്ത്രണ്ട് വർഷം വാതാപി പല്ലവരുടെ കീഴിലായിരുന്നു. ~8
വാതാപിയിലെ മല്ലികാർജ്ജുന ക്ഷേത്രം പണിതത് നരസിംഹവർമ്മനാണ്. "ഗംഗൈയാൾ പേരരശനൈ തോർക്കടിത്ത പുലികേശിയൈ മണ്ണാക്കിയ മാമല്ലൻ നരസിമ്മത്തേവർ... " എന്നൊരു ശിലാലിഖിതം വാതാപിയിലെ ഇറപ്പ ക്ഷേത്രത്തിലുണ്ട്. ചാലൂക്യരുടെ അമൂല്യമായ പല സ്വത്തുവകകളും പല്ലവർ മാമ്മല്ലപുരത്തേക്ക് കൊണ്ടുപോയി. ~9
അക്കൂട്ടത്തിൽ പരഞ്ചോതി വാതാപിക്കോട്ടയിൽ നിന്നും പിഴുതെടുത്ത ഒരു ഗണേശ വിഗ്രഹവുമുണ്ടായിരുന്നു. തന്റെ വിജയത്തിന് സഹായിച്ചത് ആ ഗണേശന്റെ അനുഗ്രഹമാണെന്ന് വിശ്വസിച്ച പരഞ്ചോതി തന്റെ ഗ്രാമമായ തിരുച്ചെങ്കാട്ടാങ്കുടിയിലെ (ഇന്നത്തെ മയിലാടുതുറൈക്ക് അടുത്ത്) ഉത്രപതീശ്വര ക്ഷേത്രത്തിൽ ~10
ആ വിഗ്രഹം പ്രതിഷ്ഠിച്ചു. കുറച്ചു വർഷങ്ങൾക്ക് ശേഷം ലൗകീക ജീവിതം അവസാനിപ്പിച്ച പരഞ്ചോതി, ശൈവ സിദ്ധനായി, പിന്നീട് "സിറുതൊണ്ടർ" എന്ന നാമത്തിൽ പ്രശസ്തനായി, ഇന്നും 63 ശൈവ നായനാർമാരിൽ ഒരാളായി ആരാധിക്കപ്പെടുന്നു. ~11
Read on Twitter